Home Kerala Wayanad travel diary bike trip വയനാട് ട്രിപ്പ് – malayalam

Wayanad travel diary bike trip വയനാട് ട്രിപ്പ് – malayalam

377
0
SHARE
wayanad travel diary tamarasseri churam photos
wayanad travel diary tamarasseri churam photos

Wayanad travel diary  – വയനാട് ട്രിപ്പ്

കോഴിക്കോട് നിന്നും വയനാട്ടിലേക്ക് 87 കിലോ മീറ്റർ ഒരു ഒൺ ഡേ ബൈക്ക് ട്രിപ്പിന് പറ്റിയ സ്ഥലം , കൊല്ലത്തു നിന്നും കോഴിക്കോട് കാണാനാണ് ഞങ്ങൾ 3 പേരും വണ്ടി കയറിയത് , ഒരു ദിവസം മുഴുവനും കോഴിക്കോടിനെ രുചിച്ചു അറിഞ്ഞു.. ഒരു കോഴിക്കോട്കാരൻ സുഹൃത്ത് ഉണ്ടായതിനാൽ കോഴിക്കോടിൻറെ ഒരു വിധം എല്ലാ രുചികളും ഞങ്ങൾ അറിഞ്ഞു

എന്നിട്ടും ഒരു ദിവസം കൂടി ഞങ്ങൾക്ക് ബാക്കി ഉണ്ടായിരുന്നു. ഇനി എങ്ങോട്ട് പോകും എന്ന ചോദ്യത്തിൽ പെട്ടെന്ന് ഉണ്ടായ ഉത്തരം ആയിരുന്നു വയനാട്..
പഠിക്കുമ്പോൾ കുറെ തവണ ഞാൻ വയനാട് വന്നിട്ടുണ്ട് , ഞങ്ങളുടെ കൂട്ടത്തിൽ വയനാട് ആദ്യമായി കാണുന്ന ഒരാൾ മാത്രമേ ഉള്ളു..

അങ്ങനെ അന്ന് ദിവസം രാത്രി തന്നെ ഞങ്ങൾ വയനാട് ട്രിപ്പ് ഉറപ്പിച്ചു , കഴിഞ്ഞ ദിവസത്തെ പോലെ വെളുപ്പാം കാലം വരെ കിടന്നു ഉറങ്ങാതിരിക്കാൻ അലാറം ഒക്കെ വച്ച് ആണ് ഉറങ്ങിയത്.
അങ്ങനെ കോഴിക്കോടൻ ചിക്കൻ ബിരിയാണിയും കഴിച്ചു ഞങ്ങൾ ഉറങ്ങാൻ കിടന്നു..

രാവിലെ കൃത്യം 6 മണിക്ക് തന്നെ ഞങ്ങൾ എല്ലാരും റെഡി ആയി ബൈക്ക് സ്റ്റാർട്ട് ചെയ്തു, വയനാട് ഒരു അപ്രതീക്ഷിത ട്രിപ്പ് ആയത്കൊണ്ട് എന്റെ കൂടെ വന്ന രണ്ടു പേർക്കും ജാക്കറ്റ് ഇല്ലായിരുന്നു പക്ഷെ എന്തോ ഭാഗ്യത്തിന് എൻ്റെ ബാഗിൽ ഒരു ജാക്കറ്റ് ഞാൻ എടുത്ത് വച്ചു..
ഡിസംബറിന്റെ മഞ്ഞു പൊഴിയുന്ന തണുപ്പത് ഞങ്ങൾ യാത്ര തുടങ്ങി , 2 ബൈക്കളായി ഞങ്ങൾ 4 പേർ , രാവിലെ നേരത്തെ ആയതിനാൽ റോഡുകളിൽ അധികം തിരക്ക് ഇല്ല , അത്യാവശ്യം നല്ല സ്പീഡിൽ തന്നെ ഞങ്ങൾ യാത്ര തുടർന്നു.. അര മണിക്കൂറിൽ ഏകദേശം 28 km പിന്നിട്ടു അവിടെ ഒരു ചായക്കടയിൽ നിർത്തി ഒരു ചൂട് ചായയും സമൂസയും കഴിച്ചു.. നല്ല തണുപ്പ് ഉണ്ട്.. കയ്യിൽ ഗ്ലൗസ് ഇല്ലാത്തതിനാൽ തണുത്ത ഐസ് ആയപോലെ എനിക്ക് തോന്നി , ഹെൽമെറ്റ് നു ഗ്ലാസ് ഇല്ലാഞ്ഞതിനാൽ തണുത്ത മഞ്ഞു മുഖത്തേക്ക് അടിച്ചു കയറി.. ഒട്ടും വിചാരിക്കാത്ത യാത്ര ആയതിനാൽ ആവശ്യമുള്ള സാധനങ്ങൾ ഒന്നും ഞങ്ങൾക്ക് കരുതാൻ കഴിഞ്ഞില്ല..

wayanad trip bike near banasura sagar dam
wayanad trip bike near banasura sagar dam

പക്ഷെ ഈ തണുപ്പത് ബൈക്ക് ഓടിക്കുന്നത് ശെരിക്കും ഒരു അനുഭവം ആണ് , കുറെ ദൂരം ആയപ്പോഴേക്കും Roadrash കളിക്കുന്ന ഒരു ഫീലിംഗ് ആയിരുന്നു മനസ്സിൽ.. അങ്ങനെ 45 കിലോ മീറ്റർ പിന്നിട്ട് ഞങ്ങൾ അടിവാരത്തു എത്തി , നമുക്ക് എല്ലാം പരിചിതമായ താമരശ്ശേരി ചുരം ഇവിടെ അപ്പുറം നിന്നും തുടങ്ങുന്നു , വയനാടൻ ചുരം എന്നാണ് ഇതിന്റെ മറ്റൊരു പേര് എന്നാലും ഈ ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിൽ ആണ്..

അങ്ങനെ ചുരം കയറാൻ തുടങ്ങിയപ്പോഴേക്കും ഒരു കൂട്ടം ബൈക്ക് റൈഡേഴ്‌സ് കുറെ ബുള്ളറ്റുകളിൽ ആയി വരുന്നു.. ഒരു കൂട്ടം ആനകൾ കാറ്റിൽ നിന്നും വരുന്ന പോലെ ശബ്ദം ഉണ്ടാക്കി അവർ ഞങ്ങളോടൊപ്പം ചുരം കയറാൻ തുടങ്ങി.. ഹെയർ പിന്നുകൾ സാവധാനം പിന്നിട്ട് ഞങ്ങൾ മുകളിലേക്ക് യാത്ര തുടർന്നു.. ബൈക്കിൽ ചുരം കയറുന്നത് ശെരിക്കും മറക്കാനാവാത്ത ഒരു നല്ല അനുഭവം തന്നെയാണ്, ബൈക്ക് റൈഡിങ് ഒരുപാട് ഇഷ്ടം ഉള്ള ആളുകൾ ഒരിക്കലെങ്കിലും ഒരു ചുരം ഓടിച്ചു കയറണം..
മല കയറുംതോറും തണുപ്പ് കൂടി കൂടി വരുന്നു ഒരു ഭാഗത്തു അതി മനോഹരമായ കാഴ്ചകൾ അടുത്ത ഭാഗത്തു ഇടതൂർന്ന മരങ്ങൾ നിൽക്കുന്ന മല , മലയിലേക്ക് തണുത്ത കാറ്റ് ആഞ്ഞു അടിക്കുന്നു ഇലകളുടെ ശബ്ദം , ബുള്ളറ്റിന്റെ ശബ്ദം മനസ്സിനെ കുളിരണിയിക്കുന്ന ഒരു ഫീലിംഗ്..
പെട്ടെന്ന് ഈ ചുരം കഴിയരുത് എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു , എന്നാലും ഒരുപാട് ദൂരം ഇനിയും ഉണ്ട് ഞങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക്.. അങ്ങനെ കുറെ നേരത്തെ മറക്കാൻ ആവാത്ത നിമിശങ്ങൾക്ക് ശേഷം വ്യൂ പോയിന്റിലേക്ക്‌ ഞങ്ങൾ വണ്ടി നിർത്തി.. കുറെ നേരം അവിടെ നിന്നും താഴേക്കും നോക്കി നിന്ന് , ഞങ്ങൾ പിന്നിട്ട വഴികൾ ഒരു ചിത്രം പോലെ താഴെ കാണുന്നു , അങ്ങ് ദൂരെ ആകാശം മുട്ടെ കുറേ മലകൾ പച്ച ചാലിച്ചു നിൽക്കുന്നു , തണുത്ത കാറ്റ് ആഞ്ഞു അടിക്കുന്നു..
കഴിഞ്ഞ തവണയും കോളേജ് ടൂറിൻറെ ഭാഗമായി ഈ വ്യൂ പോയിന്റിൽ ഞാൻ വന്നിട്ടുണ്ട്.. ” ഒരു എയർ ബസിൽ , അല്ലെങ്കിൽ ഒരു എസി കാറിൽ വന്നു ഇറങ്ങുന്നതല്ല യെതാർത്ഥ ട്രിപ്പ് ” എന്ന് എനിക്ക് മനസിലായി..
ഇവിടുത്തെ കാറ്റിന്റെ ഗന്ധവും , ചുരം കേറുമ്പോൾ തണുപ്പിന് വരുന്ന വ്യെത്യാസവും എല്ലാം ഇവിടം രുചിച്ചു അറിഞ്ഞവർക്ക് മാത്രമേ മനസിലാകൂ..

നേരത്തെ വന്നത്കൊണ്ട് ഒരു ബോർ ട്രിപ്പ് ആകുമോ എന്ന് പേടിച്ചു ആണ് ഞാൻ ഇഞ്ഞോട്ട് വന്നത് പക്ഷെ വയനാട് എൻ്റെ മനം കവർന്നു , ആ കാണുന്ന മലയ്ക്ക് മുകളിൽ എങ്ങനെയും എത്തി പറ്റണം എന്ന് മാത്രമായി മനസ്സിൽ

കയ്യും മുഖവും ഐസ് പോലെ ആയി എന്നാലും ഈ അവസ്ഥയിൽ അതൊന്നും എനിക്ക് വക വെക്കാൻ തോന്നുന്നില്ല , പ്രെകൃതിയും അവളുടെ സൗന്ദര്യവും മാത്രമാണ് എൻ്റെ മുൻപിൽ ഇപ്പോൾ .. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ഇപ്പോൾ ഞാനിത് എഴുതുമ്പോഴും ഉണ്ട്..

wayandan - thamrasseri churam
wayandan – thamrasseri churam

അങ്ങനെ രാവിലെ ആകുമ്പോഴേക്കും ഞങ്ങൾ വയനാടിന്റെ എൻട്രൻസ് ഗേറ്റിൽ എത്തി , ഇവിടുത്തെ ഒരു കടയിൽ കേറി നല്ല ചൂട് അപ്പവും കറിയും ചായയും കഴിച്ചു ഞങ്ങൾ യാത്ര തുടങ്ങി.
ബാണാസുര സാഗർ ഡാം ആണ് ഞങ്ങളുടെ ആദ്യത്തെ എത്തിച്ചേരേണ്ട സ്ഥലം ഇവിടെ നിന്നും ഏകദേശം 37 km ഉണ്ട് അങ്ങോട്ട് , ഇത്രെയും ദൂരം ഉണ്ടായതിനാൽ ഞങ്ങൾ അത്യാവശ്യം സ്പീഡിൽ ആണ് പോയത് , പകുതി എത്തിയതും ഒരു പുള്ളിക്കാരൻ റോഡ് ഒന്നും നോക്കാതെ ഒരു പഴയ ആക്റ്റീവായും ആയി കുറുക്കു വച്ചു , പെട്ടെന്ന് ആയിരുന്നു ആ സംഭവം ബാക്ക് ബ്രേക്ക് ചവിട്ടിയതും ബൈക്ക് സ്കിഡ് ആകാൻ തുടങ്ങി , ആരുടെയോ ഭാഗ്യത്തിന് അങ്ങേരുടെ അടുത്തു വന്നു വണ്ടി അങ്ങ് നിന്നു, ഒരു നല്ല കാര്യത്തിന് പോയതിനാൽ അധികം സംസാരിക്കാൻ നിൽക്കാതെ ഞങ്ങൾ യാത്ര തുടർന്നു.

കോളേജ് ട്രിപ്പിലും ബാണാസുര സാഗർ ഡാം ഉണ്ടായിരുന്നു , അതി മനോഹരമായ ഒരു ഡാം , ഡാമിന് ഉള്ളിൽ ചെറിയ തുരുത്തുകൾ , അങ്ങ് അകലെ ആകാശം മുട്ടി നിൽക്കുന്ന വലിയ വലിയ മലകൾ , ചുരം കയറിയപ്പോൾ ഉള്ള തണുപ്പ് ഇവിടെ ഇല്ല.. കുറച്ചു ചൂട് ആണ് ഇവിടെ , ഒരു ചെറിയ പാർക്കും ഊഞ്ഞാലുകളും ചെറിയ ഗാർഡനും എല്ലാം ഉണ്ട് ഇവിടെ , പാമ്പുകൾ ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ് ഒരുവിധം എല്ലാ ഇടത്തും കാണാം..
ഡാമിലേക്ക് നടന്നു കയറുക എന്നുള്ളത് കുറച്ചു പാടുള്ള പണിയാണ് , കുറച്ചു നേരം അവിടെ ഇരുന്നു വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടരാം എന്ന് തീരുമാനിച്ചു.

banasura sagar hills dam beautiful photos
banasura sagar hills dam beautiful photos

അടുത്തത് എടക്കൽ കേവ്സ് , പ്രസിദ്ധമായ ഒരു ടൂറിസ്റ്റ് സ്പോട്. അമ്പുകുത്തി മലയിൽ ആണ് ഈ സ്പോട് സ്ഥിതി ചെയ്യുന്നത് , നേരത്തെ പോയിട്ടുള്ള സ്ഥലം തന്നെ. ഏകദേശം 46 km ഉണ്ട് ഇവിടെ നിന്നും എടക്കലിലേക്ക്, ഇതാണ് വയനാടിന്റെ ഏറ്റവും വലിയ പ്രെശ്നമായി എനിക്ക് തോന്നിയത് ഒരു സ്പോട്ടിൽ നിന്നും അടുത്തിടത്തേക്ക് ഒരുപാട് ദൂരം അതുകൊണ്ട് തന്നെ ഈ സ്ഥലങ്ങൾ എല്ലാം ഒരു ദിവസം കൊണ്ട് കണ്ട് തീർക്കുക അസാധ്യമാണ്.
ചെമ്പ്ര പീക്ക് ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ സ്ഥലമാണ് , ഈ ട്രെക്കിങ്ങിനു തന്നെ ഏകദേശം 6 മണിക്കൂർ വേണം..
ഏകദേശം 8000 വർഷം പഴക്കമുണ്ട് എടക്കൽ കേവ്സ് നു, ഒന്ന് ആലോചിച്ചാൽ നമ്മൾ അത്ഭുതപ്പെട്ട് പോകും 8000 വർഷം , ഇവിടേക്ക് എത്തി പറ്റുക ശ്രെമകരമായ ഒരു ജോലിയാണ് , കല്ലുകൾക്ക് ഇടയിലൂടെ കുന്നിൻ മുകളിലേക്ക് സ്റ്റെപ്പുകൾ , ഇവിടെ നിന്നു നോക്കിയാൽ വയനാട് ഒരു വിധം എല്ലാം കാണാം , അമ്പുകുത്തി മലയിലേക്ക് ഉള്ള പ്രേവേശനം ഇവിടെ നിരോധിച്ചിരിക്കുന്നു.

Top view edakkal caves
Top view edakkal caves

സൂചിപ്പാറ വെള്ളച്ചാട്ടം ആണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം, ഇവിടെ നിന്നും ഏകദേശം 40 km ഉണ്ട് അവിടേക്ക് കുറച്ച നേരം എടക്കൽ കേവ്സ് ഇൽ ചിലവഴിച്ച ശേഷം അങ്ങോട്ട് പോകാം എന്ന് തീരുമാനിച്ചു , മേപ്പാടി വഴിയാണ് ഞങ്ങൾ അങ്ങോട്ട് പോയത് വലിയ മലകളും ഏക്കറുകൾ ഉള്ള ടീ – എസ്റ്റേറ്റ് എല്ലാം വഴിയരികെ കാണാം അവയ്ക്ക് ഇടയിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നത് ഒരു അനുഭവം തന്നെയാ ,
ചെറുതായി ഒരു തണുപ്പ് ഉണ്ടെങ്കിലും സൂര്യകിരണങ്ങൾ ശരീരത്തെ പുളകമണിയിക്കുന്നു , തണുപ്പ് ഉള്ള സമയത്തു സൂര്യ പ്രകാശം അടിക്കുമ്പോൾ ഉള്ള ആ ഒരു ഫീൽ നമ്മളിൽ പലർക്കും അറിയാം അതേ സുഖം തന്നെ ഇവിടെയും ..
മേപ്പാടി യിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച ശേഷം വീണ്ടും യാത്ര തുടർന്നു , പോകുന്ന വഴിയിൽ ചെമ്പ്ര പീക്ക് ഒക്കെ കാണാം.. ആ കാണുന്ന മേഘങ്ങൾക്കും മഞ്ഞു കണങ്ങൾക്കും ഇടയിൽ എവിടെയോ ആണ് അതിന്റെ അറ്റം.. അവിടെ പോകണമെന്ന് അതിയായ ആഗ്രഹം ഉണ്ട് പക്ഷെ അതിനു മാത്രമായി തന്നെ മറ്റൊരു ദിവസം വേണം..
ഡിപ്പാർട്മെന്റിൽ നിന്നും അതിനായി ടിക്കറ്റ് എടുക്കണം , 10 പേരുള്ള ഒരു ഗ്രൂപ്പിന് 500 രൂപയാണ് ഫീസ് എന്ന് തോന്നുന്നു.
ഇനി ഒരു വരവ് വയനാട്ടിലേക്ക് ഉണ്ടെങ്കിൽ അവിടെ ഉറപ്പായും പോകണം എന്ന് മനസ്സ് കൊണ്ട് ഉറപ്പിച്ചു.

തണുത്ത വെള്ളത്തിൽ ഒന്ന് കുളിക്കുക എന്നതാണ് ഇപ്പോൾ എന്റെ മനസ്സിൽ ഉള്ളത് , വെള്ളച്ചാട്ടത്തിനു അടിയിൽ പോയി നിൽക്കണം മനസ്സും ശരീരവും തണുപ്പിക്കണം.. കാട്ടിനുള്ളിൽ എവിടെയോ ആണ് സൂചിപ്പാറ വാട്ടർഫാൾസ്‌. ടിക്കറ്റ് എടുത്തിടത് നിന്നും അവിടേക്ക് കുറെ നടക്കണം.. കുറച്ചു അകത്തേക്ക് പോകുമ്പോൾ വെള്ളം ശക്തിയിൽ പതിക്കുന്നതും ഒഴുകുന്നതും ആയ ശബ്ദം കേൾക്കാം.. എന്താണെന്നു അറിയില്ല ഇപ്പോൾ ഇവിടെ അധികം തിരക്ക് ഇല്ല .. 4 .45 pm ആയി ഇവിടെ എത്തിയപ്പോൾ , ക്ലോസിങ് ടൈം 5 .30 നു ആണെന്ന് തോന്നുന്നു അതുകൊണ്ട് ആവാം..
ഒരു നിക്കറും ഇട്ട് വെള്ളത്തിലേക്കു ചാടാൻ കൊതിയായി , ഞങ്ങൾ 4 പേരിൽ 2 പേര് മാത്രമേ വെള്ളത്തിൽ ഇറങ്ങിയുള്ളു.. കാണുന്നത് പോലെയല്ല ഭയങ്കര തണുപ്പാണ് ഈ വെള്ളത്തിന് , കണ്ണാടി പോലെ തെളിഞ്ഞ നാച്ചുറൽ വാട്ടർ.. വെള്ളം ഒഴുകുന്ന പാറകൾക്ക് മുകളിലൂടെ നടക്കുന്നത് കുറച്ചു പാടാണ്, കല്ലുകൾ എല്ലാം വഴു വഴുപ്പായി കിടക്കുന്നു , ഇവിടെ ഇരുന്നാൽ ആൾക്കാർ തെന്നി അടിച്ചു വീഴുന്നത് കാണാം , അതും കണ്ട് ഞങ്ങൾ കുറെ നേരം ഒരു പാറപ്പുറത് ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഞാനും തെന്നി വീഴാൻ തയ്യാറെടുത്തു,
പണ്ട് ബൈക്കിൽ ഒരു അഭ്യാസം കാണിച്ചപ്പോൾ ഡോക്ടർസ് ഇട്ടു തന്ന ഗിഫ്ട് ആയ 2 പ്ലേറ്റ് കാലിൽ ഇപ്പോഴും കിടപ്പുണ്ട് എന്നാലും ഇവിടം വരെ വന്നിട്ട് ഈ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഇത്രെയും കഷ്ടപെട്ടത്.. എന്റെ കൂടെ വന്നവൻ എനിക്ക് മുൻപേ അതിനു അടിയിലേക്ക് പോയി, ഞാനും പിറകെ നടന്നു ആദ്യമായാണ് ഒരാള് തെന്നി വീഴുന്നത് ഇത്രെയും അടുത്തായി ഞാൻ കാണുന്നത് , എന്തെല്ലാം ടൈപ്പ് അനുഭവങ്ങളാണ് കർത്താവെ ഇവിടെ ഉള്ളത്…

അങ്ങനെ വലിയ വീഴ്ചയൊന്നും കൂടാതെ വെള്ളച്ചാട്ടത്തിനു അടിയിലേക്ക് ഞാൻ നടന്നു കയറി.. എന്ത് രസമാണ് ഇതിനു അകം , ലോകത്തിലെ ഏറ്റവും സേഫ് ആയ സ്ഥലം ഈ പാറക്കെട്ടുകൾക്ക് ഇടയിലാണെന്നു എനിക്ക് തോന്നി
പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അനുഭവം.. തണുത്ത വെള്ളം ദേഹത്തേക്ക് ഉയരത്തിൽ നിന്ന് വീഴുമ്പോൾ ഉള്ള സുഖം , അത് ഒന്ന് വേറെ തന്നെയാണ്.. അധികം നേരം ഇരുന്നാൽ വിറച്ചു വീഴുമെന്ന് മനസിലാക്കി തിരിച്ച കരയിലേക്ക് നടന്നു ..

ഒരു വിധം ആളുകൾ ഒന്നും ഇതിന്റെ അടുത്തേക്ക് വരാൻ തുനിയില്ല, പക്ഷെ ഒരു പ്രായമായ മനുഷ്യനും അദ്ദേഹത്തിന്റെ ഭാര്യയും വെള്ളച്ചാട്ടത്തിനു അടുത്തേക്ക് ധൈര്യപൂർവം വരുന്നു , എന്നെ അവർ അത്ഭുതപ്പെടുത്തി ഒരു ഫോട്ടോ എടുത്ത് കൊടുക്കാനായി അവർ ആവശ്യപ്പെട്ടു അദ്ദേഹത്തിന്റെ ഭാര്യ ഒരു സാരി ആയിരുന്നു ഇട്ടിരുന്നത് അത്കൊണ്ട് പാറയ്ക്ക് മുകളിൽ കൂടി നടക്കുന്നത് അവർക്ക് കുറച്ചു ബുദ്ധിമുട്ടായി തോന്നി.. മനസ്സിൽ മുഴുവൻ അവർ ആ പാറയിൽ തെറ്റി വീഴരുതേ കർത്താവെ എന്നുള്ള പ്രാർത്ഥന ആയിരുന്നു , പ്രാർത്ഥന വെറുതെ ആയില്ല അവർ ഒരു കുഴപ്പവും ഇല്ലാതെ കയറിപ്പോയി.. ഇതൊക്കെ കണ്ട് കൊണ്ട് കരയിൽ നില്കുകയാനും വന്നതിൽ മുക്കാൽ ശെതമാനം ആൾക്കാരും , താടിയും ആരോഗ്യം ഒക്കെ ഉണ്ടെങ്കിലും ഇവിടെ വരെ വന്നിട്ട് ഈ ഫീൽ ഒന്ന് അറിയാൻ ഇവർക്ക് ആർക്കും തോന്നുന്നില്ല ചിലപ്പോ പനി വരുമെന്ന് പേടിച്ചു ആയിരിക്കും.

Soochippara waterfalls wayanad photos
Soochippara waterfalls wayanad photos

കരയിലേക്ക് ഞങ്ങൾ കയറിയതിനു പിന്നാലെ ഏതോ കോളേജിലെ പിള്ളേര് കൂട്ടത്തോടെ അവിടേക്ക് വരുന്നു , പെട്ടെന്ന് കേറിപ്പോയത് ഒരു സങ്കടം പോലെ എനിക്ക് തോന്നി .. ഞാൻ അന്ന് അനുഭവിച്ചിരുന്ന ആ കോളേജ് ലൈഫ് ഒരുപാട് മിസ് ചെയ്യുന്ന പോലെ തോന്നി, അന്ന് കിട്ടിയതൊന്നും ഇനി ജീവിതത്തിൽ ഒരിക്കലും re-create ചെയ്യാൻ സാധിക്കില്ല , ഒരിക്കലും.
എന്നാലും സാരമില്ല എവിടെ വിളിച്ചാലും വരുന്ന ചില ചങ്ക് ബ്രോസ് ഇപ്പോഴും കൂടെ ഉണ്ട് ..
എത്രെയും പെട്ടെന്ന് കോഴിക്കോട് എത്തണം , ഇവിടെ നിന്നും 97 km ഉണ്ട് അവിടേക്ക് രാത്രി 10.30 നു ആണ് ട്രെയിൻ , ഇപ്പോൾ തന്നെ സമയം 6 കഴിഞ്ഞു അവിടെ ചെന്ന് വീട്ടിലേക്ക് കുറച്ചു ഹൽവ ഒക്കെ വാങ്ങിക്കൊണ്ട് ചെല്ലണം.. കോഴിക്കോട് വരെ ചെന്നിട്ട് ഹൽവ കൊണ്ട് കൊടുത്തില്ലെങ്കിൽ എങ്ങനാ..
വളരെ വലിയ ഓർമകളുമായി ഞങ്ങൾ ചുരം ഇറങ്ങി , കയറിയപ്പോൾ ഉള്ള തണുപ്പ് തീർന്നു പോയത് മനസിനെ വിശമിപ്പിച്ചു .

വയനാട്ടിലെ ആ ഒരു ദിവസം എന്നും മനസ്സിൽ ഒരു തണുത്ത ഓർമ ആയി നിറഞ്ഞു നില്കുന്നു, ഇതാണ് ഞാൻ ആഗ്രഹിച്ച ജീവിതം.. ബൈക്ക് , കൂട്ടുകാർ പിന്നെ അവസാനം ഇല്ലാതെ നീണ്ടു നിവർന്നു കിടക്കുന്ന റോഡുകൾ..

LEAVE A REPLY

Please enter your comment!
Please enter your name here